മലപ്പുറം: മതപൗരോഹിത്യം നടത്തിയ വിവാദ പ്രസ്താവനകൾക്കുള്ള മറുപടിയാണ് തന്റെ സിനിമയായ "ഫെമിനിച്ചി ഫാത്തിമ’ എന്ന് യുവ സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞു. ആരെയും ഭയന്നുകൊണ്ട് സിനിമ ചെയ്യാനാകില്ല. സ്ത്രീകളാണ് സിനിമയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി കോട്ടക്കുന്നിൽ സംഘടിപ്പിച്ച "മലപ്പുറം - ദേശം, സിനിമ' എന്ന പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തിന്റെ മതനിരപേക്ഷ മുഖം തകർക്കാൻ ആസൂത്രിത ശ്രമമുണ്ടെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. മാനവികത ഉയർത്തി പിടിക്കുന്ന ദേശമാണ് മലപ്പുറം. ഒട്ടേറെ ചലച്ചിത്ര പ്രതിഭകളെ സംഭാവന ചെയ്തിട്ടുമുണ്ട്. മലപ്പുറത്തിന്റെ സിനിമാ ചരിത്രം പഠനവിധേയമാക്കേണ്ടതുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
ചടങ്ങിൽ ഹസൈനാർ കിയാസ്കോ മോഡറേറ്ററായിരുന്നു. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്റ് മണന്പൂർ രാജൻബാബു, ഡോ.എസ്. സഞ്ജയ്, ഡോ. എസ്. ഗോപു, സെക്രട്ടറി അനിൽ കുറുപ്പൻ, ഷിബു സിഗ്നേച്ചർ, നൗഷാദ് കൊല്ലം, ബഷീർ ചുങ്കത്തറ, പി.ജി.സാഗരൻ, അജിത്രി ബാബു, നൗഷാദ് മാന്പ്ര, നൗഫൽ ബാബു, ജി.കെ.രാം മോഹൻ, മുഹമ്മദ് ഷെരീഫ് കാപ്പ് എന്നിവർ പ്രസംഗിച്ചു.